2012 ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

സഭാ സമാധാനചിന്തകള്‍

സഭാ സമാധാനചിന്തകള്
മാത്യുസ് അപ്രേം മെത്രപ്പോലീത്ത
ആമൂഖം
മലങ്കര സഭാ തര്ക്കങ്ങള്ക്കും കേസുകള്ക്കും നൂറ്റാണ്ടിലധികം പഴക്കമുള്ളതാണ്. സഭാതര്ക്കങ്ങള് സംബന്ധിച്ച് അനേകം കോടതി വിധികള് ഇതിനോടകം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.എന്നാല് ശാശ്വതമായ ഒരു പരിഹാരത്തിനും സമാധാനത്തിനും ഇതുവരേയും സാധിച്ചിട്ടില്ല എന്നതാണ് യാഥാര്ത്ഥ്യം. കേവലം ഒരു കോടതി വിധിയിലൂടെ മാത്രം ഈ വിഷയം പരിഹരിക്കുവാന് സാധിക്കുകയില്ലായെന്ന് തെളിഞ്ഞിരിക്കുന്നു.ഈ പശ്ചാത്തലത്തില് അടുത്ത കാലത്ത് ബഹു.കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ പരാമര്ശങ്ങള് വളരെ ശ്രദ്ധേയമാണ്.കോടതിക്ക് പുറത്ത് മദ്ധ്യസ്ഥ ശ്രമത്തിലൂടെ സഭാ തര്ക്കങ്ങള്ക്ക് പരിഹാരം കാണണമെന്നും,യോജിക്കുവാന് സാധിക്കുകയില്ലായെങ്കില് പരസ്പരം ഇരു സഭകളായി പിരിയണമെന്നുള്ള കോടതിയുടെ വിലയിരുത്തല് സഭാ സമാധാനത്തിന് പുതിയ സാധ്യതകള് തുറന്നിരിക്കുന്നു.ബഹു.കോടതിയുടെ ഈ കണ്ടെത്തല് യാക്കോബായ സഭ വര്ഷങ്ങളായി ഉന്നയിക്കുന്ന അഭിപ്രായത്തിന്റെയും നിലപാടിന്റെയും സാധുകരണമാണ്.
സമാധാനം അനുരജ്ഞനത്തിലൂടെ
സഭാ സമാധാനത്തിന് പ്രായോഗികമായ ഒരു സമീപനം പരസ്പര ധാരണയോടുകൂടെ രണ്ട് സഭകളായി പിരിയുക എന്നതാണ് .വ്യത്യസ്ഥമായ ഭരണസംവിധാനങ്ങളോടും ഭരണഘടനകളോടും കൂടി യാക്കോബായ – ഓര്ത്തഡോക്സ് സഭകള് രണ്ട് സഭകളായി ഇവിടെ പ്രവര്ത്തിച്ചുവരുന്നു.കേരളത്തിലെ ക്രൈസ്തവ സമൂഹവും ഇതര സമൂഹങ്ങളും യാക്കോബായ ഓര്ത്തഡോക്സ് സഭകളെ ഇരു വിഭാഗമായിട്ടല്ല രണ്ട് പൂര്ണ്ണ സഭകളായി അംഗീകരിച്ച് പോരുന്നു. എക്യുമെനിക്കല് രംഗങ്ങളിലും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും ഇരു സഭകള്ക്കും തുല്യ പ്രാധാന്യം ഇപ്പോള് നിലവിലുണ്ട്. ഈ യാഥാര്ത്ഥ്യം ഉള്കൊണ്ട് കൊണ്ട് സഭാ സമാധാനത്തെ ലയനമായി മാത്രം കാണാതെ പരസ്പര സഹവര്ത്തിത്വമായി കാണുന്നതാണ് പ്രായോഗികമായ മാര്ഗ്ഗം.എല്ലാത്തിലും ഉപരി ഇരു സഭകളും തമ്മില് വേദശാസ്ത്രപരമായ കാഴ്ച്ചപ്പാടുകളില് ഇപ്പോള് വ്യത്യാസങ്ങള് നിലനില്ക്കുന്നുണ്ട്.
വേദശാസ്ത്ര വ്യതിയാനങ്ങള്
സഭകള് തമ്മിലുള്ള തര്ക്കം കേവലം ഭരണപരമായ പ്രശ്നമായോ പള്ളിയുടെ ഉടമസ്ഥത സംബന്ധിച്ചുള്ള പ്രശ്നമായോ നിസ്സാരവല്ക്കരിക്കുവാന് സാധിക്കുകയില്ല. ഇതില് വേദശാസ്ത്രപരമായ വ്യത്യസ്ത കാഴ്ചപ്പാടുകള് കൂടി അന്തര്ലീനമായിരിക്കുന്നു. അതുകൊണ്ട് തന്നെ ഒരു കോടതി വിധിയിലൂടെ മാത്രം പരിഹാരം കണ്ടെത്തുവാന് സാധിക്കുകയില്ല. താഴെ പറയുന്ന ചില വേദശാസ്ത്ര പ്രശ്നങ്ങളില് ഇരു സഭകള്ക്കും വ്യത്യസ്ഥമായ കാഴ്ചപ്പാടുകളുണ്ട്.
A-വി. പത്രോസ് ശ്ലീഹായുടെ പ്രഥമ സ്ഥാനം- യാക്കോബായ സുറിയാനി സഭയുടെ സഭാ വിജ്ഞാനീയത്തിലെ ഒരു അടിസ്ഥാന ചിന്തയാണ് വി. പത്രോസ് ശ്ലീഹായുടെ പ്രഥമ സ്ഥാനവും പ്രത്യേക നിയോഗവും. യാക്കോബായ സഭയുടെ എപ്പിസ്കോപ്പസി ഈ വേദശാസ്ത്ര ചിന്തയുമായി ബന്ധപ്പെട്ടിരിക്കുന്നു.ഈ ആശയം സഭയുടെ ആരാധനാ ക്രമങ്ങളില് ഏറെ പ്രതിഫലിച്ചിട്ടുണ്ട്. പൗരോഹിത്യത്തിന്റെ ഉറവിടം വി. പത്രോസിനാല് സ്ഥാപിക്കപ്പെട്ട പരി.അന്ത്യോഖ്യാ സിംഹാസനത്തില് നിന്നുമാണെന്ന് സഭ പഠിപ്പിക്കുന്നത് ഈ ആശയത്തില് നിന്നു കൊണ്ടാണ്. പരി. അന്ത്യോഖ്യാ സിംഹാസനം വി. പത്രോസ് ശ്ലിഹായുടെ ശ്ലൈഹീകമായ പിന്തുടര്ച്ചയുടെ പ്രതീകമാണ്. പരി.പാത്രിയര്ക്കീസ് ബാവായുടെ പരമ മേലദ്ധ്യക്ഷ സ്ഥാനം ഇതോടൊപ്പം ചേര്ന്ന് ചിന്തിക്കേണ്ടതാണ്. പരി.പാത്രിയര്ക്കീസ് ബാവാ പരി.സഭയില് ഐക്യത്തിന്റെ പ്രതീകവും വി. പത്രോസിന്റെ ശ്ലൈഹീക പിന്തുടര്ച്ച നിലനിര്ത്തുന്ന വ്യക്തിയുമാണ്.
B-ദേശീയ സ്വതന്ത്ര സഭ – സഭയുടെ സാര്വ്വ ലൗകീകത സംബന്ധിച്ച് ഇരു സഭകളും തമ്മില് കാഴ്ചപ്പാടില് വ്യത്യാസം നിലനില്ക്കുന്നുണ്ട്.സഭയെന്നാല് സ്വയ ശീര്ഷകത്വമുള്ള ദേശീയ സഭയായി ഓര്ത്തഡോക്സ് സഭ വ്യാഖ്യാനിക്കുന്നുണ്ട്.സഭയുടെ അതിര്ത്തി രാഷ്ട്രത്തിന്റെ അതിര്ത്തിയായി പരിമിതപ്പെടുത്തുന്നതില് ഗൗരവമായ അപാകതകള് നിലനില്ക്കുന്നുണ്ട്.സഭയെ ഇടുങ്ങിയ ദേശീയതയുടെ കാഴ്ചപ്പാടില് വിലയിരുത്തുന്നത് സഭയുടെ അടിസ്ഥാന സ്വഭാവത്തിന് എതിരാണ്.യാക്കോബായ സഭയുടെ ചിന്തയില് സഭയുടെ അതിര്ത്തി രാഷ്ട്രത്തിന്റെ അതിര്ത്തിയായി പരിമിതപ്പെടുത്തുന്നില്ല. മറിച്ച് സഭയെ കാണുന്നത് രാഷ്ട്ര അതിര്ത്തികള്ക്കും അപ്പുറമായിട്ടാണ്. അതായത് ഒരു സഭയില് വിവിധ രാജ്യക്കാര്, വംശത്തിലുള്ളവര്, വിവിധ ഭാഷ സംസാരിക്കുന്നവര് എന്നിങ്ങനെ നാനാത്വം നിലനില്ക്കുന്നുണ്ട്.അതുകൊണ്ട് തന്നെ സഭ സാര്വ്വലൗകീകവും രാഷ്ട്രത്തിന്റെ അതിര്വരമ്പുകള്ക്ക് അപ്പുറവുമാണ്.
C-വിദേശാധിപത്യം
ഓര്ത്തഡോക്സ് സഭയില് ഉത്ഭവിച്ചിരിക്കുന്ന മറ്റൊരു വാദമാണ് സഭാ ഭരണ സംവിധാനത്തെയും സഭാ ശുശ്രുഷയേയും വിദേശാധിപത്യമായി ചിത്രികരിക്കുന്നത്. ഉദാഹരണത്തിന് മദ്ധ്യപൗരത്യ ദേശത്ത് താമസിക്കുന്ന ഒരാള്ക്ക് ഭാരതത്തിലെ സഭയുടെ തലവനാകുവാന് സാധിക്കുകയില്ല എന്ന വാദം . സഭയില് വ്യത്യസ്ഥ രാജ്യങ്ങളില് നിന്നുള്ളവരുള്ളതു കൊണ്ടും സഭാ ഗാത്രത്തില് എല്ലാവരും ഒന്നായിരിക്കുന്നതു കൊണ്ടും സ്വദേശി-വിദേശി വാദം സഭയുടെ അടിസ്ഥാന സ്വഭാവത്തിനെതിരാണ്. സഭയെക്കുറിച്ചുള്ള ഇടുങ്ങിയ കാഴ്ചപ്പാടില് നിന്ന് കൊണ്ട് പരി.പാത്രിയര്ക്കീസ് ബാവായെ വിദേശിയായി ചിത്രികരിക്കുകയും സഭാ ഭരണ സംവിധാനത്തെ സാമ്രാജത്വ അധിനിവേശമായി വിലയിരുത്തുകയും ചെയ്യുന്നത് വലിയ അബദ്ധമാണ്.ഇങ്ങനെ ചിന്തിക്കുമ്പോള് തോമാ ശ്ലീഹായും യേശു ക്രിസ്തുവും ക്രൈസ്തവ സഭ തന്നെയും വൈദേശികമായിത്തീരും.യാക്കോബായ സഭയുടെ കാഴ്ചപ്പാടില് സഭാ ഭരണസംവിധാനത്തെ കോളനി വാഴിച്ചയായി ചിത്രികരിക്കുന്നതിനു എതിരാണ്. കാരണം ക്രിസ്തുവെന്ന ശരീരമാകുന്ന സഭയില് എല്ലാ രാജ്യക്കാരും ഒന്നായി നിലനില്ക്കുന്നു.
ഓര്ത്തഡോക്സ് സഭ തങ്ങളുടെ വാദങ്ങള്ക്കനുസരിച്ച് അതിന്റെ ചരിത്രവും ആരാധനയും തിരുത്തുകയും തങ്ങളുടെ വാദങ്ങള് സാധുകരിക്കുന്നതിന് പുതിയ ചരിത്രം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.ഇതില് പലതും യാക്കോബായ സഭയ്ക്ക് അസ്വീകാര്യമാണ്. ഇപ്രകാരം വ്യത്യസ്ഥമായ കാഴ്ച്ചപ്പാടുകള് നിലനില്ക്കുന്നത് കൊണ്ട് പരസ്പരം അംഗീകരിച്ച് ഇരു സഭകളായി പിരിയുന്നതാണ് അഭികാമ്യം.
D-സമാധാനത്തിന്റെ വേദശാസ്ത്രം
വി. വേദപുസ്തകത്തില് സമാധാനമെന്ന ആശയം വ്യത്യസ്ഥതകള് അംഗീകരിക്കാതെ കേവലം ഒന്നായി ലയിക്കുന്നത് മാത്രമല്ല, വേദപുസ്തകം സമാധാനത്തെ വിശാലമായ അര്ത്ഥത്തിലാണ് കാണുന്നത്.സമാധാനത്തിന് എബ്രായ ഭാഷയില് ‘ശാലോം’ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ പദത്തിന്റെ അര്ത്ഥം വളരെ സമഗ്രമായി ഉള്ക്കൊള്ളേണ്ടതാണ്. ഇതിന് വ്യക്തികളുടേയും സമൂഹങ്ങളുടേയും പൂര്ണ്ണത എന്നര്ത്ഥം കല്പ്പിച്ചിരിക്കുന്നു. ബന്ധങ്ങളുടെ പൂര്ണ്ണതയും സഹവര്ത്തിത്വവും സമത്വവും സ്വാതന്ത്രവും പരസ്പര അംഗീകാരവും എല്ലാം സമാധാനത്തിന്റെ വിവിധ ഭാവങ്ങളാകുന്നു. (സങ്കീ.129-7 യിരമ്യാവ് 29-7) സമാധാനത്തിന് ശത്രുതയില്ലാത്ത ഐക്യം നിലനില്ക്കുന്ന സ്നേഹപരമായ ഒരു പുതിയ ബന്ധമായി വേദപുസ്തകം കാണുന്നു.1 രാജാ.-5-12 സമാധാനത്തെ യുദ്ധമില്ലാത്ത അവസ്ഥയായും വിവാദങ്ങളും യുദ്ധങ്ങളും കലഹങ്ങളുമില്ലാത്ത അവസ്ഥയായി വേദപുസ്തകം കാണുന്നുണ്ട് (ന്യായ-4-17 1 ശമു-7-14 യിര.9-8 സങ്കീ-28-3)വി. വേദപുസ്തകം സമാധാനത്തെ നീതിയുമായിട്ടും ബന്ധപ്പെട്ടാണ് ചിന്തിക്കുന്നത്. നീതിപൂര്വ്വമായ ഒരു സമൂഹത്തിന് മാത്രമേ യഥാര്ത്ഥ സമാധാനം കണ്ടെത്തുവാന് സാധിക്കുകയുള്ളു (ആമോസ് 4-1). മേല്പ്രസ്താവിച്ചതില് നിന്ന് ചിന്തിക്കുമ്പോള് സമാധാനമെന്ന ആശയം കേവലം ഒന്നായി ചേരല് മാത്രമല്ല മറിച്ച് സഹവര്ത്തിത്വവും ,തുല്യതയും, പരസ്പര അംഗീകാരവും, സ്വാതന്ത്രവും, ബഹുലതയുടെ അംഗീകാരം എന്നിവയെല്ലാമാണ്.
ക്രിസിതീയ സമാധാനത്തിന്റെ അടിസ്ഥാനം യേശുക്രിസ്തുവാകുന്നു.സമാധാനത്തിന്റെ പ്രധാനമായ ഒരു വശമാണ് അനുരജ്ഞനം. യേശു ക്രിസ്തുവിന്റെ മനുഷ്യാവതാര രഹസ്യം തന്നെ സൃഷ്ടിയോടുള്ള ദൈവത്തിന്റെ അനുരജ്ജനമാണല്ലോ.സഭ വിളിക്കപ്പെട്ടിരിക്കുന്നത് മനുഷ്യവതാരത്തിന്റെ ഈ മഹത്വരമായ ലക്ഷ്യം വര്ത്തമാന കാലത്ത് യാഥാര്ത്ഥ്യവല്ക്കരിക്കുന്നതാണ്.സഭ തന്നെ അനുരജ്ഞനം പ്രാപിച്ച സമൂഹമാണല്ലോ.പരസ്പരം മല്സരിക്കുന്ന സഭകള്ക്ക് ഈ ദൗത്യം പ്രായോഗികമാക്കുവാന് സാധിക്കുകയില്ല.സഭ സമാധാനം നിലനിര്ത്തുന്നതിന് അനുരജ്ഞനത്തിലൂടെ പരസ്പര ധാരണയിലൂടെ ഇരു സഭകളായി വേര്പിരിയുന്ന് ഏറെ അഭികാമ്യമാണ്.
ഉപസംഹാരം
മേല്പ്രസ്താവിച്ചതില് നിന്നും സഭാ സമാധാനത്തിന് യാക്കോബായ ഓര്ത്തഡോക്സ് വിഭാഗങ്ങള് ഇരു സഭകളായി വേര്പിരിയുന്നത് ഉചിതമാണ്. കാരണം ഒന്നായി പോകുന്നതിനുള്ള സാഹചര്യം കുറവാണ്.ഇതുവഴി കേസുകള്ക്ക് അന്ത്യ കുറിക്കുന്നതിനും ക്രിസ്തീയ സാക്ഷ്യം നിലനിര്ത്തുന്നതിനും സാധിക്കും.മദ്ധ്യസ്ഥതയിലൂടെ പരസ്പരം അംഗീകരിച്ച് ഇരു സഭകളായി വേര്പിരിഞ്ഞ് മലബാര് ഭദ്രാസനത്തിലെ സഭാ പ്രശ്നങ്ങള് യാക്കോബായ – ഓര്ത്തഡോക്സ് സഭകള് പരിഹരിച്ചത് ഏറെ ശ്ലാഘനീയവും മാതൃകപരവുമാണ്.ഇന്നത്തെ പശ്ചാതലത്തില് മലങ്കര സഭയിലെ മുഴുവന് പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ഈ രീതി സഹായകമാണ്.കോടതിക്ക് പുറത്ത് ചര്ച്ചകളിലൂടെ പരിഹരിക്കുവാന് കഴിയുമെന്നതിന് മലബാര് ഭദ്രാസനം മാതൃകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍