ഒരിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു. എവിടെ നിന്നോ വന്ന് തന്നോട് പ്രിയം കാണിച്ചു കൂടിയ കുരങ്ങനോട് രാജാവിന് പ്രിയം തോന്നി. അവന്റെ സ്വാമിഭക്തിയില് വാത്സല്യമേറിയ രാജാവ് അവന് കൂടുതല് കൂടുതല് സ്വാതന്ത്ര്യം നല്കിക്കൊണ്ടിരുന്നു. അന്തഃപുരത്തില് വരെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം അവനുണ്ടായിരുന്നു. ഇതോടെ അവന്റെ മണ്ടത്തരങ്ങള്ക്ക് ലക്കും ലഗാനുമില്ലാതായി. മിണ്ടിയാല് തുറുങ്കിലടക്കാനും വേണമെങ്കില് കൊല്ലാനും അധികാരമുള്ള രാജാവിനോട് മറുത്തൊരു അക്ഷരം പോലും പറയാന് ആരും ധൈര്യപ്പെട്ടില്ല. രാജാവ് തന്റെ സ്നേഹം സഹിക്കവയ്യാതെ തന്റെ വിശ്വസ്തനായ അംഗരക്ഷകന് എന്ന പദവിയിലേക്ക് വരെ അവനെ ഉയര്ത്തി. രാജാവിന്റെ കാവല്ക്കാരന്റെ ജാഡ പറയാനുണ്ടോ? ഇതോടെ കുരങ്ങനെതിരെ പരസ്യമായി ഒരു വിരലുപോലും അനക്കാനാവാത്ത അവസ്ഥയിലായി മറ്റുള്ളവര്.
ഒരു ദിവസം രാജാവ് ഉറങ്ങുമ്പോള്, കുരങ്ങന് വീശിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് ഒരു ഈച്ചയുടെ വരവ്. അത് രാജാവിന്റെ നെഞ്ചിലാണ് വന്നിരുന്നത്. കുരങ്ങന്റെ മനസ്സില് പല ആശങ്കകളും കടന്നു വന്നു. ഈ ഒരൊറ്റ ഈച്ച മൂലം രാജാവിന്റെ ശരീരത്തിലെ രക്തം മുഴുവന് വാര്ന്നു പോയാലോ? അതുമൂലം രാജാവിനുണ്ടാകുന്ന കഷ്ടനഷ്ടങ്ങളില് നിന്നും അദ്ദേഹത്തെയും രാജ്യത്തെയുമെല്ലാം രക്ഷിക്കേണ്ടത് തന്റെ ചുമതലയല്ലേ? ഈച്ചകളുടെ വര്ഗത്തെത്തന്നെ ഇല്ലാതാക്കിക്കളയേണ്ടതാണ് !! ‘അതിബുദ്ധിമാനായ’ കുരങ്ങന് ദേഷ്യം വന്നു. അവന് തന്റെ വാളെടുത്ത് ഈച്ചയെ ആഞ്ഞു വെട്ടി. ഈച്ച പറന്നു പോയി. വാള് കൊണ്ടത് എവിടെയായിരുന്നുവെന്ന് പറയേണ്ടതുണ്ടോ? വാള് കൊണ്ടുള്ള വെട്ടേറ്റ് രാജാവ് മരണമടഞ്ഞു.
ഏത് ജോലിയിലായാലും അര്ഹരായവരെ നിയമിക്കണമെന്നും ദീര്ഘായുസ്സ് ആഗ്രഹിക്കുന്നുണ്ടെങ്കില് വിഡ്ഢിയായ ഒരുത്തനെ സേവകനാക്കരുതെന്നുമാണ് ഈ പഞ്ചതന്ത്രം കഥയുടെ ഗുണപാഠം. അങ്ങനെ ചെയ്താല് അവന് തോന്നുന്ന കാര്യങ്ങള് അവനെപ്പോഴും പ്രവര്ത്തിച്ചു കൊണ്ടേയിരിക്കും. ഒരാളെ ഒരു ജോലിയേല്പ്പിക്കുമ്പോള് ശ്രദ്ധിക്കേണ്ടിവരുന്ന കാര്യമാണല്ലോ ഇത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ